NEWS UPDATE

6/recent/ticker-posts

യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊന്ന് ചാക്കിലാക്കി; മൃതദേഹം ബൈക്കിൽ കൊണ്ടുപോകുന്ന ദൃശ്യം സി.സി.ടി.വിയിൽ


ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ വിവാഹേതര ബന്ധം ചോദ്യംചെയ്ത ഭർത്താവിനെ യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. മൃതദേഹം ചാക്കിലാക്കി വനത്തിൽ ഉപേക്ഷിക്കാനായി ഇരുവരും ചേർന്ന് ബൈക്കിൽ കൊണ്ടുപോകുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞത് നിർണായക തെളിവായെന്ന് പൊലീസ് പറഞ്ഞു. (www.malabarflash.com)

തെളിവു നശിപ്പിക്കാനായി പ്രതികൾ മൃതദേഹം കത്തിക്കാൻ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി. പച്ചക്കറി വിൽപനക്കാരനായ ധനലാൽ സൈനി എന്നയാളെയാണ് ഭാര്യ ഗോപാലി ദേവിയും കാമുകൻ ദീൻദയാൽ കുശ്വാഹയും ചേർന്ന് കൊലപ്പെടുത്തിയത്. ദീൻദയാലുമായി ഗോപാലിക്ക് അഞ്ച് വർഷമായി അടുപ്പമുണ്ടായിരുന്നു. ഫാക്ടറിയിൽ ജോലിയുണ്ടെന്ന വ്യാജേന കുശ്വാഹയെ കാണാൻ, അയാൾ ജോലി ചെയ്യുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ ഗോപാലി പതിവായി എത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച സംശയം തോന്നി ഗോപാലിയെ പിന്തുടർന്ന ധനലാൽ ഇരുവരെയും ഒരുമിച്ച് കാണുകയായിരുന്നു.


ഇവരുടെ ബന്ധം ചോദ്യംചെയ്ത് ധനലാൽ വഴക്കിട്ടു. ഇരുവരും ചേർന്ന് ധനലാലിലെ മുകൾ നിലയിലെ മറ്റൊരു ഷോപ്പിലേക്ക് എത്തിക്കുകയും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലക്ക് അടിച്ചുവീഴ്ത്തുകയും കയർ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം ചാക്കിലാക്കിയ പ്രതികൾ കുശ്വാഹയുടെ ബൈക്കിൽ കൊണ്ടുപോയി നശിപ്പിക്കാൻ പദ്ധതിയിട്ടു. ഇവർ ചാക്കിൽ മൃതദേഹവുമായി സഞ്ചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് പ്രതികളെ തിരിച്ചറിയാൻ സഹായകമായി.

റിങ് റോഡിനു സമീപം മൃതദേഹം പുറത്തിട്ട് കത്തിച്ചു. തെളിവ് നശിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാൽ മൃതദേഹം പാതി കത്തിയപ്പോൾ തങ്ങളുടെ സമീപത്തേക്ക് കാർ വരുന്നതുകണ്ട പ്രതികൾ അവിടെനിന്ന് മാറി. രണ്ട് ദിവസത്തിനു ശേഷമാണ് മൃതദേഹം തിരിച്ചറിയാനായത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

Post a Comment

0 Comments