NEWS UPDATE

6/recent/ticker-posts

പാതിവില തട്ടിപ്പ് കേസ്‌: സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാര്‍ അറസ്റ്റില്‍


തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം ജില്ലയിലെ കേസിലാണ് അറസ്റ്റ്.[www.malabarflash.com]

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിന്റെ വീട്ടിലെത്തി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. ചികിത്സയിലാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അറസ്റ്റ് ചെയ്യാന്‍ തടസ്സങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ആനന്ദകുമാറിനെതിരെ കണ്ണൂര്‍ സിറ്റി പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. തിങ്കളാഴ്ചയായിരുന്നു ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദം കേട്ടത്. ആനന്ദകുമാറിനെതിരെ തിരുവനന്തപുരത്തും കേസുകളും പരാതികളും നിലനില്‍ക്കുന്നുണ്ട്.

പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണത്തിനായി എറണാകുളം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് എസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനുമായി ആലോചിച്ച ശേഷമാണ് എറണാകുളത്തെ കേസില്‍ അറസ്റ്റ് ചെയ്യാന്‍ തീരുമാനമായത്. തിങ്കളാഴ്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തനിക്ക് തട്ടിപ്പുമായി ബന്ധമില്ലെന്നും ട്രസ്റ്റിലേക്കാണ് തുക എത്തിയതെന്നും ഒരു തുകപോലും താന്‍ എടുത്തിട്ടില്ലെന്നുമുള്ള വാദമാണ് ആനന്ദകുമാര്‍ മുന്നോട്ട് വെച്ചത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശി സിജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിലവില്‍ 37 കേസുകളാണ് ആനന്ദ്കുമാറിനെതിരെയുള്ളത്.

Post a Comment

0 Comments