NEWS UPDATE

6/recent/ticker-posts

സിംഗപ്പൂർ എയർപോർട്ടിൽ നിന്നും ഒരു പെർഫ്യൂം മോഷ്ടിച്ചു, രണ്ട് വർഷത്തിന് ശേഷം ഓസ്ട്രേലിയൻ യുവതി അറസ്റ്റിൽ

ഓസ്ട്രേലിയലില്‍ നിന്നും സിംഗപ്പൂരിലെ ചാങ്ഗി എയര്‍പോര്‍ട്ടില്‍ കുടുംബത്തോടൊപ്പമെത്തിയ യുവതി ഒരു പെർഫ്യൂം കുപ്പി മോഷ്ടിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം മറ്റൊരു യാത്രയ്ക്കിടെ അതേ എയർപോര്‍ട്ടിലെത്തിയ യുവതിയെ സുരക്ഷാ ജീവനക്കാര്‍ അറസ്റ്റ് ചെയ്തു.[www.malabarflash.com] 

സംഭവം നടക്കുന്നത് 2023 മാര്‍ച്ച് 22 നാണ്. എന്നാല്‍ യുവതി അറസ്റ്റിലാകുന്നത് 2025 മാര്‍ച്ച് 31 നാണെന്ന് സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 250 ഡോളര്‍ (ഏകദേശം 21,500 രൂപ) വിലയുള്ള ചാനല്‍ ഫെര്‍ഫ്യൂമിന്‍റെ ഒരു കുപ്പിയാണ് ഓസ്ട്രേലിയന്‍ യുവതിയായ രാജ് വര്‍ഷ മോഷ്ടിച്ചത്. അറസ്റ്റിലായ വേളയില്‍ ഇവര്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് 750 ഡോളര്‍ (ഏകദേശം 64,500 രൂപ) നഷ്ടപരിഹാരമായി അടച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

2023 മാർച്ച് 22 ന് കുടുംബത്തോടൊപ്പം ഓസ്ട്രേലിയയില്‍ നിന്നും സിംഗപ്പൂര്‍ ചാങ്ഗി എയർപോര്‍ട്ടിലെത്തിയ രാജ് വര്‍ഷ, എയര്‍പോര്‍ട്ടിലെ ടെർമിനല്‍ ഒന്നിലെ ഷില്ലാ ഡ്യൂട്ടി ഫ്രീ സ്റ്റോറില്‍ പുലര്‍ച്ചെ 4.10 ഓടെയാണ് എത്തിയത്. രാജ് വര്‍ഷ ഡ്യൂട്ടി ഫ്രീ സ്റ്റോറില്‍ നിന്നും ഒരു കുപ്പി പെര്‍ഫ്യൂമെടുത്ത് തന്‍റെ ബാഗിലേക്ക് വച്ചെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടിംഗ് ഓഫീസറായ സക്കീര്‍ ഹുസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഒരു കുപ്പി കാണാനില്ലെന്ന് സെക്യൂരിറ്റി ഓഫീസര്‍ അപ്പോൾ തന്നെ സ്റ്റോർ ജീവനക്കാരെ അറിയിച്ചിരുന്നു. പെർഫ്യൂം കുപ്പി മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടതായി രാജ് വര്‍ഷയ്ക്ക് മനസിലായി. അപ്പോൾ തന്നെ അവര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും പെര്‍ഫ്യൂമിന്‍റെ പണം നല്‍കാതെ പുറത്തിറങ്ങി. പിന്നീട് അന്ന് രാവിലെ 9.10 ഓടെ അവര്‍ കുടുംബത്തോടൊപ്പം തായ്‍ലന്‍ഡിലേക്ക് പോയെന്നും സക്കീര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റോര്‍ സൂപ്പര്‍വൈസർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രാജ് വര്‍ഷം പെര്‍ഫ്യൂമിന്‍റെ കുപ്പി ബാഗിലേക്ക് വയ്ക്കുന്നത് കണ്ടെത്തി.

രണ്ട് വര്‍ഷങ്ങൾക്ക് ശേഷം 2025 മാർച്ച് 31-നാണ് രാജ് വര്‍ഷ പിന്നീട് ഇതേ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ, താന്‍ പെര്‍ഫ്യും മോഷ്ടിച്ചെന്ന് രാജ് വര്‍ഷ സമ്മതിച്ചു. ഒപ്പം താന്‍ മോഷ്ടിച്ച് പെര്‍ഫ്യൂം അമ്മയ്ക്ക് സമ്മനിച്ചെന്നും അവര്‍ പോലീസിനെ അറിയിച്ചു. ഏപ്രില്‍ 11 -നാണ് കേസ് ജില്ലാ ജഡ്ജി എ സംഗീതയുടെ മുന്നിലെത്തിയത്. രാജിന് വേണ്ടി അഭിഭാഷകര്‍ ഹാജരായിരുന്നില്ല. ജഡ്ജിക്ക് മുന്നില്‍ കരഞ്ഞ് കുറ്റമേറ്റ രാജ് താന്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്നും അന്ന് താനിക്ക് ശരിയാം വണ്ണം ചിന്തിക്കാന്‍ കഴിഞ്ഞില്ലെന്നും നല്ല മാനസികാവസ്ഥയില്‍ ആയിരുന്നില്ലെന്നും അറിയിച്ചു. സിംഗപ്പൂരിലെ നിയമം അനുസരിച്ച് മോഷണകുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കും.

Post a Comment

0 Comments