ക്രമക്കേട് കണ്ടെത്തിയുള്ള എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോർട്ടിൽ പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകി. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതിവഴി വിചാരണ നടപടികൾ ഉടൻ തുടങ്ങും. വീണ ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയക്കും.
എക്സാലോജിക് എം.ഡിയായ വീണ വിജയന് പുറമെ, സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത, ജോയന്റ് എം.ഡി ശരൺ എസ്. കർത്ത, സി.എം.ആർ.എൽ സി.ജി.എം ഫിനാൻസ് പി. സുരേഷ് കുമാർ, സി.എഫ്.ഒ കെ. സുരേഷ് കുമാർ, സി.എം.ആർ.എല്ലിന്റെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാരായ കെ.എ. സംഗീത് കുമാർ, എ.കെ. മുരളീകൃഷ്ണൻ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. ശശിധരൻ കർത്തക്കും സി.എം.ആർ.എൽ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരെ കമ്പനികാര്യ ചട്ടം 447 ന് പുറമെ, കൂടുതൽ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
എസ്.എഫ്.ഐ.ഒയുടെ 166 പേജുള്ള കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകളാണുള്ളത്. കള്ളക്കണക്കുണ്ടാക്കി രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് സി.എം.ആർ.എൽ നൽകിയത് 182 കോടിയാണെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ആർക്കൊക്കെയാണ് ഈ പണം നൽകിയതെന്ന വിവരം കുറ്റപത്രത്തിലില്ല. വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി കരാറുണ്ടാക്കി 2017 മുതൽ 2020 വരെയുള്ള കാലയളവിൽ മൊത്തം 1.72 കോടി രൂപ സി.എം.ആർ.എൽ നൽകിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.
ഇല്ലാത്ത സേവനത്തിന്റെ പേരിൽ വീണക്കും എക്സാലോജിക്കിനും കിട്ടിയത് 2.70 കോടി രൂപയാണെന്നാണ് എസ്.എഫ്.ഐ.ഒയുടെ കണ്ടെത്തൽ. സി.എം.ആർ.എല്ലിൽ നിന്നും എംപവർ ഇന്ത്യ കാപിറ്റൽ ഇൻവെസ്റ്റ് എന്ന കമ്പനിയിൽ നിന്നുമാണ് ഈ പണം കൈപ്പറ്റിയത്. ശശിധരൻ കർത്തയും ഭാര്യയുമാണ് എംപവർ ഇന്ത്യ കമ്പനിയുടെ ഡയറക്ടർമാർ. ശശിധരൻ കർത്തയുടെ മരുമകൻ അനിൽ ആനന്ദ് പണിക്കർക്ക് അനധികൃതമായി 13 കോടി രൂപ കമീഷൻ നൽകി. നിപുണ ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ വഴിയാണ് വെട്ടിപ്പ് നടത്തിയത്. ഈ രണ്ട് കമ്പനികളുടെയും ഡയറക്ടർമാർ ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളാണ്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടൻ എം.എൽ.എയും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും നൽകിയ ഹരജികൾ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഈ ആവശ്യം തളളിയിരുന്നു. തുടർന്ന് റിവിഷൻ ഹരജി നൽകുകയായിരുന്നു. എന്നാൽ, ഹരജി രാഷ്ട്രീയപ്രേരിതമാണെന്ന വിജിലൻസ് കോടതി പരാമർശം അനാവശ്യമാണെന്ന് ഹൈകോടതി പറഞ്ഞു.
പിണറായി വിജയനടക്കമുളളവരെ എതിർകക്ഷികളാക്കിയായിരുന്നു മാത്യു കുഴൽനാടന്റെ ഹരജി. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നായിരുന്നു വാദം. വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, വീണ വിജയനെ രാഷ്ട്രീയ വിരോധം മൂലം കേസിലേക്ക് വലിച്ചിഴച്ചതാണെന്നായിരുന്നു അഭിഭാഷകന്റെ വാദം.
സി.എം.ആർ.എൽ - എക്സാലോജിക് ഇടപാടിൽ 185 കോടിയുടെ അഴിമതി നടന്നെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എസ്.എഫ്.ഐ.ഒ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയതായി ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച വാദത്തിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. അഴിമതി കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചിരുന്നു.
0 Comments